കൊട്ടിയൂർ: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ താളം തെറ്റി കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതായതോടെ കുടുംബാരോഗ്യകേന്ദ്രത്തിലെ ഒ.പി സമയം വെട്ടിക്കുറച്ചു. നിലവിൽ രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെ വെച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വൈകീട്ടു വരെയുണ്ടായിരുന്ന ഒ.പി ഇപ്പോള്‍ ഉച്ചവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ടെങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് സേവനം ലഭിക്കുന്നത്. മൂന്ന് അസി. സര്ജന്മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പഞ്ചായത്ത് പ്രസിഡന്റ് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. എന്‍.എച്ച്.എം ഡോക്ടറും അഡ്ഹോക്ക് ഡോക്ടറുമാണ് കുടുംബാരോഗ്യകേന്ദ്രത്തിലുള്ളത്. നാല് ജൂനിയര്‍ ഹെല്‍ത്ത് നഴ്സ്, ഹെല്‍ത്ത് ഇന്സ്പെകട്ര് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള നിരവധി ആളുകൾ ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയാണിത്.
സ്ഥിരമായി മെഡിക്കല്‍ ഓഫിസറുടെ സേവനം ലഭിക്കാത്തതുമൂലം കുടുംബാരോഗ്യത്തിന്റെ മറ്റ് പ്രോജക്ടുകളെ ബാധിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നു. ഉച്ചകഴിഞ്ഞ് ഒ.പി പ്രവര്‍ത്തിക്കാത്തത് രോഗികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.