ബെംഗളൂരു: ആനയെ ഒരു സംസ്ഥാനത്തിനോട് ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് വിമർശനവുമായി കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡരെ. മാനന്തവാടിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി രാമപുര ആന ക്യാംപിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിലായിരുന്നു കർണാടക വനമന്ത്രിയുടെ പ്രതികരണം. ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ച് വിട്ടത് ശരിയായില്ല. ഇക്കാര്യം വനംമന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച ചെയ്യുമെന്നും ഈശ്വർ ഖണ്ഡരെ പറഞ്ഞു.
കേരള വനംവകുപ്പ് മയക്കുവെടി വയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിൽ ആശങ്കയുണ്ട്. ഒരു ആനയുടെ വിലപ്പെട്ട ജീവൻ നഷ്ടമായതിൽ കർണാടക അനുശോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എവിടെ, ആർക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷിക്കും. പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.