ശിവസേന ഷിൻഡെ വിഭാഗം നേതാവ് മഹേഷ് ഗെയ്ക്വാദിനെ ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്വാദ് പൊലീസ് സ്റ്റേഷനിൽ വച്ച് വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്വയം രക്ഷയ്ക്കായാണ് മഹേഷിനെ വെടിവച്ചതെന്ന ഗൺപതിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് പുതിയ ദൃശ്യങ്ങൾ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഉറ്റ അനുയായിയായ മഹേഷ് ഗെയ്ക്‍വാദിനാണ് കഴിഞ്ഞ ദിവസം വൈകീട്ട് പൊലീസ് സ്റ്റേഷനിൽവച്ച് വെടിയേറ്റത്.
ഷിൻഡെ സർക്കാറിനൊപ്പമുള്ള കല്യാണ ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദാണ് വെടിവെച്ചത്. ഭൂമിതർക്കത്തെ തുടർന്നുള്ള പരാതിയിൽ ഉല്ലാസ് നഗർ ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ വച്ച് ചർച്ച ചെയ്യുന്നതിനിടെ ആയിരുന്നു വെടിവെപ്പ്.
ഗൺപതിന്റെ മകൻ നൽകിയ പരാതിയിലാണ് പൊലീസ് മഹേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പെട്ടന്നുള്ള പ്രകോപനത്തിൽ സ്വയ രക്ഷയ്ക്കായാണ് വെടിയുതിർത്തത് എന്നായിരുന്നു അറസ്റ്റിലായ എംഎൽഎയുടെ വിശദീകരണം. എന്നാൽ ഈ വാദങ്ങൾ പൊളിക്കുന്നതാണ് പുത്തുവന്ന ദൃശ്യങ്ങൾ. സ്റ്റേഷനിലെ മറ്റ് പൊലീസുകാരും ഇരുവരുടേയും അനുയായികളും ചേർന്നാണ് ഗണപത് ഗെയ്‌ക്‌വാദിനെ പിടിച്ചുമാറ്റിയത്.
മഹേഷ് ഗെയ്‌ക്‌വാദ് പിടിച്ചെടുത്ത ഭൂമിയാണ് പ്രശ്നമെന്നും മകനോട് മോശമായി പെരുമാറിയെന്നും ഗൺപത് പറയുന്നു. വെടിവെപ്പിൽ മറ്റ് രണ്ട് പേർക്കും പരിക്കേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു. അഞ്ച് വെടിയുണ്ടകാളാണ് മഹേഷ് ഗെയ്ക്‍വാദിന്റെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് ശിവസേന അംഗങ്ങളിൽ സർക്കാറിനും നേതൃത്വത്തിനും എതിരെ അമർഷം പുകയുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് ഉത്തരവിട്ടിട്ടുണ്ട്.