ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ലഭിച്ചില്ലെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. പല വലിയ പരിപാടികൾക്കും തങ്ങളെ ക്ഷണിക്കാറില്ല.യാത്രക്ക് ക്ഷണം ചോദിച്ചു വാങ്ങുന്നതെങ്ങനെ യെന്നും അഖിലേഷ് ചോദിച്ചു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ചോദിച്ചു വാങ്ങിയതാണെന്നും
വീട് ഗംഗ ജലം കൊണ്ട് ശുദ്ധി വരുത്തി എന്ന് അറിയിച്ചപ്പോഴാണ് ക്ഷണം ലഭിച്ചതെന്നും അഖിലേഷ് യാദവും പറഞ്ഞു.
അതിനിടെ തങ്ങളിപ്പോഴും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലെത്തിയത് ഉദ്യോഗസ്ഥരിൽ നിന്നാണ് അറിഞ്ഞതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഇത്ര അഹങ്കാരം പാടില്ലെന്നും കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ യു.പിയിലും ബനാറസിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുമോയെന്നും മമത വെല്ലുവിളിച്ചു.പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് തയാറായിരുന്നുവെന്നും എന്നാൽ അവർ അത് തള്ളുകയായിരുന്നുവെന്നും മമത അവകാശപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 40 സീറ്റിലെങ്കിലും വിജയിക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്ന് മമത കോൺഗ്രസിനെ പരിഹസിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സീറ്റ് പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മമതയുടെ പരിഹാസം.