ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് അഥവാ നമ്മുടെ ഭക്ഷണരീതിക്കാണ്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നൊരു വിഭവമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങള്‍ നേന്ത്രപ്പഴത്തിനുണ്ട്. ഇവയെ കുറിച്ചൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം.
വൈറ്റമിൻ-സി, പൊട്ടാസ്യം, വൈറ്റമിൻ ബി6, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് നേന്ത്രപ്പഴം. കലോറിയും കൊഴുപ്പും കുറവാണ് എന്നതിനാല്‍ തന്നെ ഇത് അനാരോഗ്യകരമായ രീതിയില്‍ വണ്ണം കൂട്ടുമെന്ന ഭയാശങ്കകളും വേണ്ട.
നേന്ത്രപ്പഴം മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും അതുപോലെ തന്നെ ചര്‍മ്മത്തിന്‍റെ ഭംഗിയെയും ആരോഗ്യത്തെയുമെല്ലാം ഒരുപോലെ സ്വാധീനിക്കുന്നൊരു വിഭവം കൂടിയാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, വൈറ്റമിൻ ബി6, പൊട്ടാസ്യം എന്നിവയെല്ലാം മുടിക്കും ചര്‍മ്മത്തിനും ഏറെ പ്രയോജനപ്രദമാകുന്ന ഘടകങ്ങളാണ്.
നേന്ത്രപ്പഴത്തിലുള്ള പൊട്ടാസ്യം മുടിയിലും ചര്‍മ്മത്തിലും ജലാംശം പിടിച്ചുനിര്‍ത്താൻ സഹായിക്കുന്നു. ഒരു മോയിസ്ചറൈസര്‍ ചെയ്യുന്ന ധര്‍മ്മം തന്നെ. മുടി പൊട്ടിപ്പോകുന്നത് തടയാനും മുടി നല്ല ഭംഗിയായി- സില്‍ക്കിയായും തിളക്കമുള്ളതായും കിടക്കാനുമെല്ലാം ഇത് സഹായിക്കുന്നു. മിക്കവരും നേരിടുന്നൊരു പ്രശ്നമായിരിക്കും മുടി ഡ്രൈ ആയി, പൊട്ടിപ്പോകുന്നത്. ക്രമേണ മുടിയുടെ കനം കുറഞ്ഞ് നേര്‍ത്ത് വരുന്നതിലേക്ക് ഇത് നയിക്കും. ഈ പ്രശ്നത്തെ പ്രതിരോധിക്കാനാണ് പ്രധാനമായും നേന്ത്രപ്പഴം സഹായിക്കുന്നത്.
കൂടാതെ, പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തില്‍ പോസിറ്റീവായ പല മാറ്റങ്ങളും കാണാൻ സാധിക്കും. ദഹനപ്രശ്നങഅങളുള്ളവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം ലഭിക്കും. പൊതുവെ നമുക്ക് ഉണര്‍വും ഉന്മേഷവും കൂടാനും നേന്ത്രപ്പഴം കാരണമാകുന്നു. ആരോഗ്യകരമായ രീതിയില്‍ ശരീരവണ്ണം ക്രമീകരിക്കാനും നേന്ത്രപ്പഴം സഹായകമാണ്. മൂഡ് ഡിസോര്‍ഡര്‍, ആംഗ്സൈറ്റി (ഉത്കണ്ഠ) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഇതിനോട് അനുബന്ധമായ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാനും നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. എളുപ്പത്തില്‍ സന്തോഷവും ഉന്മേഷവുമെല്ലാം അനുഭവപ്പെടുത്താനുള്ള കഴിന് നേന്ത്രപ്പഴത്തിനുണ്ട്.
ഇതിനെല്ലാം പുറമെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, എല്ലുകളുടെ ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമെല്ലാം നേന്ത്രപ്പഴം നമ്മെ സഹായിക്കുന്നു.