ലക്നൗ > ഉത്തർപ്രദേശിലെ സമൂഹവിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ. വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. യുവതികൾ സ്വയം മാല ചാർത്തുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വരൻമാരുടെ വേഷത്തിൽ ഏതാനും യുവാക്കൾ മുഖം മറച്ച് ഇരിക്കുന്നതും വീഡിയോയിൽ കാണാം.
ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ ജനുവരി 25-നാണ് സമൂഹവിവാഹം നടന്നത്. 568 ജോഡികളാണ് വിവാഹിതരായത്. എന്നാൽ ഇവരിൽ ഭൂരിഭാഗവും പ്രതിഫലം വാങ്ങി വധൂവരൻമാരായി അഭിനയിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 500 മുതൽ 2000 രൂപവരെ കൊടുത്താണ് തട്ടിപ്പിനായി യുവതീയുവാക്കളെ ഏർപ്പാടാക്കിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പണം നൽകി തങ്ങളെ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വിവാഹം കാണാനായി എത്തിയവരെയാണ് വരൻമാരായി പിടിച്ചിരുത്തിയതെന്ന് ഗ്രാമവാസികളായ യുവാക്കൾ പറഞ്ഞു. വിവാഹം കാണാനായി എത്തിയ തന്നെ വരന്റെ വേഷം ധരിപ്പിച്ച് വേദിയിലിരുത്തിയെന്നും പണം നൽകാമെന്ന് പറഞ്ഞെന്നും നിരവധി പേരെ അങ്ങനെ പിടിച്ചിരുത്തിയെന്നും പ്രദേശവാസിയായ 19കാരൻ പറഞ്ഞു.
ബിജെപി എംഎൽഎ കേതകി സിങ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. സംഘാടകർ രണ്ട് ദിവസം മുമ്പ് മാത്രമാണ് പരിപാടിയെപ്പറ്റി അറിയിക്കുന്നതെന്നും കൃത്യമായ അന്വേഷണം വിഷയത്തിൽ നടത്തുമെന്നുമാണ് എംഎൽഎയുടെ വാദം.
സമൂഹവിവാഹങ്ങൾക്ക് ഗവൺമെന്റിൽ നിന്നും നിശ്ചിത തുക അനുവദിക്കാറുണ്ട്. ഇത് തട്ടിയെടുക്കാനായി ഗവൺമെന്റ് ഉദ്യോഗസ്ഥരടക്കം ചേർന്ന് നടത്തിയ തട്ടിപ്പാവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഫണ്ട് കൈമാറുന്നതിനു മുമ്പ് തന്നെ തട്ടിപ്പ് തിരിച്ചറിഞ്ഞന്നും അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.