തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മുതിർന്ന പൗരന്മാരുടെ സൗഖ്യം ഉറപ്പാക്കാൻ കെയർ സെന്ററുകൾ തുടങ്ങും. അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. സാക്ഷരത പരിപാടികൾക്ക് 20 കോടി രൂപ മാറ്റിവച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വർക്ക് നിയർ ഹോം പദ്ധതി ഇത്തവണയും പരാമർശിച്ചു. വർക്ക് നിയർ ഹോം പദ്ധതി കൂടുതൽ പ്രസക്തമാകുന്നെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 5,000 കവിഞ്ഞുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചു. മാലിന്യ നിർമാർജനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. സ്വച്ഛ് ഭാരതിന് 7.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഖരമാലിന്യ നിർമാർജനത്തിന് 5 കോടി രൂപ അനുവദിച്ചു. ശുചിത്വമിഷന് 25 കോടി രൂപ അനുവദിച്ചു.