തിരുവനന്തപുരം > ഓൾ ഇന്ത്യ പെർമിറ്റ് അടക്കമുള്ള ടൂറിസ്‌റ്റ് ബസുകൾക്ക് രജിസ്‌ട്രേഷനുള്ള നികുതി കുറയ്‌ക്കാൻ ബജറ്റിൽ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത ബസുകൾ സംസ്ഥാനത്ത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്‌തുവരുന്ന ടൂറിസ്‌റ്റ് ബസുകളുടെ എണ്ണം വളരെ കുറവാണ്.കേരളത്തിൽ രജിസ്‌റ്റർ ചെയ്യേണ്ടതായ ഇത്തരം വാഹനങ്ങൾ താരതമ്യേന നികുതി തുലോം കുറവുള്ള നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത് കേന്ദ്ര സർക്കാരിന്റെ പുതിയ ടൂറിസ്‌റ്റ് പെർമിറ്റ് ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് സ്ഥിരമായി സർവീസ് നടത്തുകയാണ്. ഇത് സംസ്ഥാനത്തിന് നികുതി നഷ്‌ടത്തോടൊപ്പം രജിസ്‌ട്രേഷൻ ഫീസിനത്തിലും ഫിറ്റ്‌നസ് ടെസ്‌റ്റ് ഫീസിനത്തിലും നഷ്‌ടം വരുത്തുകയാണ്. ഈ സാഹചര്യത്തിലാണ് നികുതി കുറയ്‌ക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്‌ത് ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ ടൂറിസത്തിന്റെ ഭാഗമായി വല്ലപ്പോഴും കേരളത്തിൽ പ്രവേശിക്കുന്ന രീതിയുണ്ട്. ഈ വാഹനം പ്രവേശിക്കുന്ന തീയതി മുതൽ പരമാവധി ഏഴ് ദിവസത്തേക്ക് ത്രൈമാസ നികുതിയുടെ പത്തിൽ ഒരുഭാഗം ഈടാക്കും. ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്ന ബസുകളിൽ നിന്നും ഓരോ മാസത്തേയും നികുതി ഈടാക്കുന്നതിനായി ടാക്‌സേഷൻ നിയമം ഭേദഗതിചെയ്യും. എന്നാൽ സ്ഥിരമായി കേരളത്തിൽ സർവീസ് നടത്തുന്ന ടൂറിസ്‌റ്റ് ബസുകളിൽ നിന്നും ത്രൈമാസ നികുതി ഈടാക്കനാണ് തീരുമാനം.