ഝാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായ് സോറൻ മന്ത്രിസഭ. 81 അംഗ നിയമസഭയിൽ 47 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പിൽ ഝാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം നേടിയത്. കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എൻ.ഡി.എ സഖ്യത്തിന് 29 വോട്ടാണ് നേടാനായത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും കോടതിയുടെ പ്രത്യേക അനുമതിയോടെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സഭയിലെത്തിയിരുന്നു.
ജെ.എം.എം –28, കോൺഗ്രസ് –16, ആർ.ജെ.ഡി– 1, സി.പി.ഐ (എം.എൽ) ലിബറേഷൻ –1 എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില. ബി.ജെ.പിക്ക് 26 എം.എൽ.എമാരും സഖ്യകക്ഷിയായ ഝാർഖണ്ഡ് സ്റ്റുഡന്‍റ് യൂനിയന് മൂന്ന് എം.എൽ.എമാരുമുണ്ട്. മൂന്ന് സ്വതന്ത്ര എം.എൽ.എമാരും നിയമസഭയിലുണ്ട്.
ഹേമന്ത് സോറൻ രാജിവെച്ചതിനെതുടർന്ന് ഫെബ്രുവരി രണ്ടിനാണ് ജെ.എം.എം നേതാവ് ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ബി.ജെ.പി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ഭരണകക്ഷി എം.എൽ.എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.