തിരുവനന്തപുരം> കേന്ദ്ര ബജറ്റ് മുന്നോട്ടുവച്ച ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ മേഖലയിൽനിന്നും സർക്കാർ പിന്മാറി ധനമൂലധന ശക്തികൾക്ക് അവസരമൊരുക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവച്ചത്. അതിൽനിന്നു വ്യത്യസ്തമായി സർക്കാർ ഇടപെടൽ ഉറപ്പുവരുത്തിയും പുതിയ സാധ്യതകളെ കണ്ടുമുള്ള സമീപനമാണ് സംസ്ഥാന ബജറ്റിലേത്. പശ്ചാത്തല സൗകര്യ വികസനത്തിനും വൈജ്ഞാനിക സമൂഹസൃഷ്ടിക്കും ഊന്നൽനൽകുന്ന പ്രകടനപത്രികയിലെ കാഴ്ചപ്പാട് ബജറ്റിലുടനീളം ദൃശ്യമാണ്.
കാർഷിക മേഖലയിലെ കോർപ്പറേറ്റുവൽക്കരണമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവയ്‌ക്കുന്നത്. സംസ്ഥാന ബജറ്റാവട്ടെ, കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപം ഉറപ്പുവരുത്തുന്നു. റബർ മേഖലയെ കേന്ദ്രം കൈയൊഴിഞ്ഞപ്പോൾ സബ്സിഡി 180 രൂപയാക്കി സംസ്ഥാന ബജറ്റിൽ ഉയർത്തി. പൊതുമേഖലാ സ്ഥാനപങ്ങളെ വിറ്റുതുലച്ച് മുന്നോട്ടുപോകുന്നതാണ് കേന്ദ്ര ബജറ്റെങ്കിൽ പൊതുമേഖലയെ സംരക്ഷിക്കാനുള്ള സമീപനമാണ് സംസ്ഥാന ബജറ്റിൽ.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, പട്ടികജാതി പട്ടികവർഗ ക്ഷേമ പദ്ധതികൾ എന്നിവയ്ക്കുള്ള തുക വെട്ടിക്കുറച്ചുള്ളതാണ് കേന്ദ്ര ബജറ്റ്. ഗ്രാമീണ മേഖലയിലെ വികസന പദ്ധതികൾക്കും തൊഴിലുറപ്പ് പദ്ധതിക്കുമുള്ള തുകയും വെട്ടിക്കുറച്ചു. ഈ മേഖലയിലെല്ലാം തുക വർധപ്പിക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ലൈഫ് പദ്ധതിക്ക് മാത്രമായി അടുത്ത രണ്ടുവർഷം 10,000 കോടിയുടെ നിർമ്മാണ പ്രവർത്തനം ലക്ഷ്യംവയ്‌ക്കുന്നുവെന്നത് എല്ലാവർക്കും പാർപ്പിടം ഉറപ്പുവരുത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം ഉയർത്തുന്ന പ്രതിസന്ധികൾക്കിടയിലും ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുമെന്ന തീരുമാനവും ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്താകമാനം ഉയർന്നുവരുന്ന ബദൽ നയങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നതാണ് കേരള ബജറ്റെന്നും എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.