തിരുവനന്തപുരം > റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയന്‍റ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ജനുവരി 29 മുതല്‍ ഫെബ്രുവരി 9 വരെ നടക്കുന്ന ഇടക്കാല അവലോകനത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. പദ്ധതി നിര്‍വ്വഹണത്തില്‍ പലയിടത്തും കൈവരിച്ച മികച്ച പുരോഗതിയില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. ചില പദ്ധതികളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം പരിഹരിക്കാന്‍ നിര്‍ദേശിച്ചു. കോള്‍നില കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതി സമാനതകളില്ലാത്തതാണെന്നും വലിയ മുന്നേറ്റം ഇക്കാര്യത്തില്‍ ഉണ്ടായെന്നും ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടു.
2019-27 കാലയളവിലാണ് റസിലിയന്‍റ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് (ആര്‍കെഡിപി) വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുക. ബജറ്റ് വിഹിതത്തിന് പുറമേ ലോകബാങ്ക്, ജര്‍മന്‍ ബാങ്ക് തുടങ്ങിയ രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
യോഗത്തില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, ലോക ബാങ്ക് പ്രതിനിധികളായ എലിഫ് ഐഹാന്‍, ദീപക് സിങ്ങ്, ബാലകൃഷ്ണ മേനോന്‍ പരമേശ്വരന്‍, നട്സുകോ കികുടാകെ, വിജയ ശേഖര്‍ കലാവകോണ്ട, എഎഫ്ഡി പ്രതിനിധികളായ ജൂലിയന്‍ ബോഗ്ലിറ്റോ, ജ്യോതി വിജയന്‍ നായര്‍, കെഎഫ്ഡബ്ല്യു പ്രതിനിധികളായ കിരണ്‍ അവധാനുല, രാഹുല്‍ മന്‍കോഷ്യ തുടങ്ങിയവര്‍ പങ്കെടുത്തു.