ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും സംവരണം നൽകാൻ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉപവർഗീകരണം നടത്താൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ടോയെന്ന വിഷയത്തിൽ സുപ്രീംകോടതിയിൽ വാദമാരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
സർക്കാർ ജോലികളിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള ക്വോട്ടയിൽ വാത്മീകി, മസ്ഹാബി സിഖ് വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണവും പ്രഥമ പരിഗണനയും നൽകുന്ന 2006ലെ പഞ്ചാബ് പട്ടിക ജാതി, പിന്നാക്ക വിഭാഗ നിയമത്തിന്റെ സാധുതയും കോടതി പരിശോധിക്കും. നിയമത്തിനെതിരായ 2010ലെ പഞ്ചാബ് ഹൈകോടതി വിധി ചോദ്യം ചെയ്ത് പഞ്ചാബ് സർക്കാർ സമർപ്പിച്ചതുൾപ്പെടെ 23 ഹരജികളാണ് കോടതിയുടെ മുമ്പാകെയുള്ളത്.