ഉത്തരാഖണ്ഡ് മുൻ വനം മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരക് സിംഗ് റാവത്തിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ഡെറാഡൂണിലെ ഡിഫൻസ് കോളനിയിലുള്ള റാവത്തിൻ്റെ വസതികളിൽ ഇ.ഡി റെയ്ഡ്. ഉത്തരാഖണ്ഡ്, ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ 15 ഓളം സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
കോർബറ്റ് ടൈഗർ റിസർവ് വനഭൂമി അഴിമതിക്കേസിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റാവത്തിനെതിരെ വിജിലൻസ് വകുപ്പ് നടപടിയെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
നേരത്തെ ഹരക് സിംഗ് റാവത്തിനെ അച്ചടക്കരാഹിത്യം കാരണം ക്യാബിനറ്റ് മന്ത്രി സ്ഥാനത്ത് നിന്നും ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാവത്ത് കോൺഗ്രസിൽ ചേർന്നു. ഹരക് സിംഗിനൊപ്പം മരുമകൾ അനുകൃതി ഗുസൈനും കോൺഗ്രസിൽ ചേർന്നിരുന്നു.