ലഖ്നോ: ഗ്യാൻവ്യാപി പള്ളിയുമായി ബന്ധപ്പെട്ട കേസിൽ യു.പി സർക്കാറിനെതിരെ വിമർശനവുമായി മസ്ജിദ് കമ്മിറ്റി. അലഹബാദ് ഹൈകോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് വിമർശനം. എതിർവിഭാഗവും സർക്കാറും ഒത്തുകളിക്കുകയാണെന്നും കക്ഷി അല്ലാത്ത സർക്കാർ എന്തിന് കോടതിയിൽ ഹാജരാകുന്നുവെന്നും മസ്ജിദ് കമ്മിറ്റി ചോദിച്ചു. തർക്കത്തിൽ യു.പി സർക്കാറിനോട് വിശദീകരണം ചോദിച്ച കോടതി ഇരുവിഭാഗത്തോടും കൈവശാവകാശ രേഖ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ഗ്യാൻവാപിയിൽ പൂജ അനുവദിച്ച ജില്ല കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചുമൻ മസ്ജിദ് ഇൻതിസാമിയ കമ്മിറ്റി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഈ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. അപ്പീലിനുപോലും അവസരം നൽകാതെ മസ്ജിദിന്റെ അടിഭാഗത്തുള്ള തെക്കേ നിലവറക്കകത്ത് ജില്ല മജിസ്ട്രേറ്റും കമീഷണറും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സി.ഇ.ഒയും ചേർന്ന് അർധരാത്രി വിഗ്രഹം കൊണ്ടുവന്നുവെച്ച് തുടങ്ങിയ പൂജ തടയണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം.
പള്ളിയിൽ പൂജക്ക് ഉത്തരവിടുംമുമ്പ് പള്ളിക്കമ്മിറ്റിയുടെ ഭാഗം ജില്ല കോടതി കേട്ടിരുന്നോ എന്ന് ചോദിച്ചശേഷമാണ് കഴിഞ്ഞയാഴ്ച ഹൈകോടതി ഹരജി മാറ്റിയത്. ക്രമസമാധാനനില കാത്തുസൂക്ഷിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശവും നൽകിയിരുന്നു.
മുസ്ലിം വിഭാഗത്തിനുവേണ്ടി ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ. നഖ്വി ഹൈകോടതിയിൽ ഹാജരായി. കേസിന്റെ ആദ്യഘട്ടത്തിൽതന്നെ ജില്ല കോടതി അന്തിമവിധി പ്രസ്താവിച്ചത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വാദിച്ചു. ജഡ്ജിയുടെ വിരമിക്കൽ ദിനത്തിൽ, തിടുക്കത്തിൽ വിധി പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (വാരാണസി ജില്ല ജഡ്ജി അജയ കൃഷ്ണ വിശ്വേശ ജനുവരി 31നാണ് വിരമിച്ചത്). നേരത്തേയുള്ള ഉത്തരവുകളുടെയും കോടതിനിർദേശങ്ങളുടെയും തുടർച്ചയാണ് ജനുവരി 31ന് ജില്ല കോടതി പുറപ്പെടുവിച്ച വിധിയെന്ന് ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ ഹൈകോടതിയിൽ പറഞ്ഞു. പൂജ നടത്തുന്നതുകൊണ്ട് ആർക്കും ഉപദ്രവമില്ലെന്നും നേരത്തേ നടന്നുവന്ന പൂജ 1993ലാണ് നിർത്തിയതെന്നും അദ്ദേഹം തുടർന്നു.
ഗ്യാൻവാപി മസ്ജിദിന്റെ തെക്കേ നിലവറ ഹിന്ദുക്കൾക്ക് പൂജക്കായി ഒരാഴ്ചക്കകം തുറന്നുകൊടുക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച വാരാണസി കോടതി ഉത്തരവെങ്കിലും ജില്ല ഭരണകൂടം ബുധനാഴ്ച രാത്രിതന്നെ തിരക്കിട്ട് വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ തുടങ്ങുകയായിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി വ്യാഴാഴ്ച പുലർച്ച മൂന്നുമണിക്ക് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യവുമായി അലഹബാദ് ഹൈകോടതിയിലേക്ക് പോകാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശിച്ചത്.