ന്യൂഡൽഹി> കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് കടുത്ത അവഗണനയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പത്തുവർഷത്തെ യുപിഎ ഭരണകാലത്തെ ഭരണപരാജയങ്ങൾ എന്നവകാശപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ ധവളപത്രത്തിന് ബദലായി കോൺഗ്രസ് പുറത്തിറക്കിയ ‘ബ്ലാക്ക് പേപ്പറി’ലാണ് പരാമർശം. കേരളം, തമിഴ്‌നാട് , കർണ്ണാടക, തെലങ്കാന തുടങ്ങിയ പ്രതിപക്ഷ സംസ്ഥാനങ്ങളോട് കടുത്ത അവഗണനയാണ് കേന്ദ്രസർക്കാരിന്റേത്. ബിജെപിക്ക് ഭരണമില്ലങ്കിൽ ആ സംസ്ഥാനങ്ങൾക്ക് പണം നൽകാൻ തയ്യാറാവുന്നില്ല.
പത്തുവർഷത്തെ മോദി ഭരണത്തിൽ ജനാധിപത്യം കടുത്ത ഭീഷണിയിലാണ്. 411 എംഎൽഎമാരെയാണ് കുതിരക്കച്ചവടം നടത്തി ബിജെപി അവരുടെ പാളയത്തിലെത്തിച്ചത്. നിരവധി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചു. ഉയരുന്ന തൊഴിലില്ലയായ്‌മ നിരക്കിൽ ബിജെപിക്ക് മിണ്ടാട്ടമില്ല. മോദി പാർലമെന്റിൽ സംസാരിക്കുമ്പോൾ സ്വന്തം പരാജയങ്ങൾ മറച്ച് വയ്‌ക്കുന്നു. അക്കാര്യങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ ഗൗനിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ലന്നും അതിനാൽ ബ്ലാക്ക് പേപ്പറിലൂടെ ജനങ്ങളുടെ മുമ്പിൽ മോദി സർക്കാരിനെ തുറന്നുകാട്ടുമെന്നും പ്രകാശന ചടങ്ങിൽ ഖാർഗെ പറഞ്ഞു.