പത്തനംതിട്ട> എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് ബിജെപിയുടെ ഏജൻസി മാത്രമായി മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക്. തനിക്കെതിരെ വീണ്ടും ഇ ഡി നോട്ടീസ് അയച്ചത് കോടതിയലക്ഷ്യമാണ്. അതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം എന്താണ് കുറ്റം ചെയ്തതെന്ന് ഇവർ പറയട്ടെ. നിങ്ങൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടാകാം, അത് ഞങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാം, എന്ന രീതിയിലുള്ള കുറ്റാന്വേഷണം ചെറുക്കപ്പെടണം. അത് വ്യക്തിപരമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണ്. അതിനെ കോടതിയിൽ ചോദ്യം ചെയ്യും. ഇ ഡിയെ ഒരിക്കലും ഭയമില്ല. കോടതി പറയട്ടെ, അപ്പോൾ ഹാജരാകാം. സംസ്ഥാനത്ത് എല്ലാ ഏജൻസികളും വന്നോട്ടെ. അതുകൊണ്ടൊന്നും ഭയമില്ല.
ഡൽഹിയിലെ സമരം കണ്ടെങ്കിലും യുഡിഎഫിന്റെ കണ്ണുതുറന്നാൽ നല്ലത്. അന്ധമായ സർക്കാർ വിരോധമാണ് യുഡിഎഫിന്. കേരള താൽപ്പര്യ സംരക്ഷണത്തിന് മറ്റ് സംസ്ഥാനങ്ങൾ മുന്നിട്ടുവന്നാലും അവരെയും അതിൽനിന്ന് പിന്തിരിപ്പിക്കുന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയം. അത് തുറന്നുകാണിക്കുക തന്നെ ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു.