ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയതായി അധികൃതര്‍ രക്ഷിതാക്കള്‍ക്ക് വിവരം കൈമാറുകയും ചെയ്തു. സ്കൂള്‍ ബസ് പെട്ടെന്ന് വളവില്‍ തിരിച്ചപ്പോള്‍ നടപ്പാതയിലേക്ക് കയറിയാണ് അപടകമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി (എസ് പി ഇ എ) കഴിഞ്ഞവർഷം 2,000 ബസുകളിൽ കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. കൊവിഡിന് മുമ്പ് തന്നെ ബസുകളിൽ ജിപിഎസ് ഉപകരണങ്ങൾ സ്ഥാപിച്ച് ട്രാക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.