ബംഗളൂരു: വിവാദ പ്രസ്താവന നടത്തി പുലിവാലു പിടിച്ച് മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. കോൺഗ്രസ് നേതാക്കളായ ഡി.കെ. സുരേഷ്, വിനയ് കുൽക്കർണി എന്നിവരെ വധിക്കാൻ നിയമംകൊണ്ട് വരണമെന്നാണ് കെ.എസ്. ഈശ്വരപ്പ ആഹ്വാനം ചെയ്തത്. സുരേഷ് എം.പിയും വിനയ് കുൽക്കർണി എം.എൽ.എയുമാണ്. ഇരുനേതാക്കളും രാജ്യദ്രോഹികളാണെന്നും ഇന്ത്യയെ രണ്ട് ഭാഗമാക്കാൻ പരിശ്രമിക്കുന്നവരാണെന്നുമായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം.
‘’പൊതുസമ്മേളനങ്ങളിൽ വെച്ച് അവർ വീണ്ടും ഇത്തരം പ്രസ്താവനകൾ നടത്താൻ ശ്രമിച്ചാൽ തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവരം അറിയിക്കും. അവർ രാജ്യത്തെ കഷണങ്ങളായി വിഭജിക്കാൻ ആഗ്രഹിക്കുന്നു. അവരെ വെടിവെച്ച് കൊല്ലാൻ കഴിയുന്ന നിയമം കൊണ്ടുവരണം.”-ദാവൻഗെരെ ജില്ലയിൽ പുതിയ കർണാടക ബി.ജെ.പി അധ്യക്ഷന്റെയും ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഈശ്വരപ്പ പറഞ്ഞു. പ്രസംഗത്തിനെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.
കെ.എസ്. ഈശ്വരപ്പയെ പരസ്യമായി തല്ലിക്കൊന്നാൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിൽ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാൽ ഡി.കെ. സുരേഷിന്റെ കൊലപ്പെടുത്തണമെന്ന് വിളിച്ചതിന് ഈശ്വരപ്പക്കെതിരെ നടപടിയുണ്ടാകില്ല. അതാണ് നിയമം.”-എന്നാണ് ആക്ടിവിസ്റ്റ് കവിത റെഡ്ഡി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.