തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന് എംഎല്‍എ സ്ഥാനമുൾപ്പെടെ രാജിവെക്കണമെന്ന് എൻ.സി.പി അജിത് പവാര്‍ പക്ഷം. എൻ.സി.പി ദേശീയ ജനറല്‍ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശരദ് പവാറിനൊപ്പം നില്ക്കുന്ന ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കാനാണ് പുതിയ നീക്കം. ഇതിനിടെ, അജിത് പവാര്‍ പക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിരിക്കയാണ്.
നിലവിൽ, അജിത് പവാര്‍ പക്ഷത്തിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നവും അജിത് പവാറിനാണ്. ശരദ് പവാറാണ് യഥാര്‍ഥ എന്‍.സി.പിയെന്നു ശശീന്ദ്രന് പറയുന്നെങ്കില്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ ആ സ്ഥാനം രാജിവെക്കണമെന്നാണ് അജിത് പവാര്‍ പക്ഷം ആവശ്യപ്പെടുന്നത്.
എന്നാൽ, യഥാർഥ എന്‍.സി.പി ശരദ് പവാറിന്റേതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ഇത്, ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്താൻ തീരുമാനിച്ചു കഴിഞ്ഞതായും മന്ത്രി പറയുന്നു.