രാമവിഗ്രഹ പ്രതിഷ്ഠാ ദിനം പോലെ നിരാശാഭരിതമായ ദിവസം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. ഒട്ടും ആഹ്ലാദം തോന്നിയ ദിവസമായിരുന്നില്ല. ഇതിൽ വലിയ ആപത്തിെൻറ സൂചനയും കാണുന്നുണ്ട്. ഇന്ത്യ ഇന്നുവരെ ഒരു മതേതര റിപ്പബ്ലിക്കാണ്. ഇനിയും അതായിരിക്കുമോയെന്ന സംശയം നാൾക്കുനാൾ വർധിക്കുകയാണ്.
എനിക്കൊരു മതക്കാരോടും പ്രത്യേകമായ സ്നേഹമോ എതിർപ്പോ ഇല്ല. ഞാനൊരു വിശ്വാസിയേ അല്ല. അച്ഛനമ്മമാർ ഹിന്ദുവായതുകൊണ്ട് ഞാൻ ഹിന്ദുവായി. ജനിച്ചതുകൊണ്ട് അപകർഷതാ ബോധം തോന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമല്ല, അഭിമാനവുമുണ്ട്. ശ്രീരാമ പരമഹംസരുടെ രമണ മഹർഷിയുടെ വിവേകാനന്ദ സ്വാമിയുടെ, ഷീർദ്ദിബാബയുടെ, നാരായണ ഗുരുവിെൻറ അതുപോലെയുള്ള എല്ലാ മഹാത്മാക്കളുടെയും ഹിന്ദുമതം. അവിടെ, എനിക്ക് ഞാനായി തന്നെ നിൽക്കാം. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസമാകാം പക്ഷെ, അത് അയൽക്കാരന് ശല്യമാകാനിടവരരുത്. വെറുപ്പിെൻറ രാഷ്ട്രീയത്തെ മാധ്യമങ്ങൾ വെള്ള പൂശരുത്.
അയോധ്യയിലെ നിർമ്മാണവും പ്രതിഷ്ഠയുമൊക്കെ സാധിച്ചെടുത്തത് നരേന്ദ്രമോദിയാണ്. നരേന്ദ്ര മോദി എെൻറയും പ്രധാനമന്ത്രിയാണ്. പക്ഷെ, നിലപാടുകളിൽ നമുക്ക് സ്വന്തമായ അഭിപ്രായവുമുണ്ട്. എെൻറ നിലപാടുകളിൽ ഉറച്ച് നിൽക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഇന്ത്യ എന്നും മതനിരപേക്ഷമായിരിക്കണമെന്ന് വിശ്വസിക്കുന്നതായും പത്മനാഭൻ പറഞ്ഞു.