ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. നടുവിലോ താഴത്തെ പുറകിലോ ഉള്ള അസ്വസ്ഥതയോ വേദനയോ ആണ് നടുവേദന എന്ന് പറയുന്നത്. നിരവധി കാരണങ്ങളാൽ താഴത്തെ പുറകില്‍ വേദന ഉണ്ടാകാം. പേശി അല്ലെങ്കിൽ ലിഗമെന്‍റിലെ എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടോ, പുറകിലെ ഉളുക്ക്, ഒടിവുകൾ, ഡിസ്ക് പ്രശ്നങ്ങൾ, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, സ്പോണ്ടിലോലിസ്തെസിസ്, മറ്റ് രോഗങ്ങള്‍, അമിത വണ്ണം തുടങ്ങിയവയൊക്കെ നടുവേദന ഉണ്ടാകാനുള്ള കാരണങ്ങളാണ്.
നടുവേദനയുടെ കാരണം കൃത്യമായി കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. നിത്യവുമുള്ളതും നിത്യജീവിതത്തെ ബാധിക്കുന്നതുമായ നടുവേദനയാണെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. എന്നാല്‍ പലപ്പോഴും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള നടുവേദന മാറാന്‍ പരീക്ഷിക്കേണ്ട ചില ടിപ്സുകള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- വിശ്രമിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. സാധാരണ നടുവേദന കുറയ്ക്കാന്‍ ഇത് സഹായിക്കും.
- രണ്ട്…
- ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെങ്കില്‍, എപ്പോഴും നിവര്‍ന്ന് ശരിയായ പോസ്ചറില്‍ ഇരിക്കുക. പുറകിലെ പേശികൾ, ഡിസ്കുകൾ, ലിഗമെന്‍റുകള്‍ എന്നിവയിലെ ആയാസം കുറയ്ക്കാൻ ഇത് സഹായിക്കും.
- മൂന്ന്…
- ഹീറ്റ് പാഡ് വയ്ക്കുന്നതും നടുവേദന കുറയാന്‍ സഹായിച്ചേക്കാം. അതേസമയം ഹീറ്റ് പാഡിൽ നിന്ന് പൊള്ളലോ മറ്റോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
- നാല്…
- ഐസ് പാക്ക് ഉപയോഗിക്കുന്നത് പെട്ടെന്നുള്ള നടുവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഒരു തൂവാലയിൽ പൊതിഞ്ഞ ഐസ് പാക്ക് നടുവില്‍ വയ്ക്കാം.
- അഞ്ച്…
- വ്യായാമം ചെയ്യുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിച്ചേക്കാം. യോഗ, വാട്ടർ എയ്‌റോബിക്‌സ്, എയ്‌റോബിക്‌സ്, നീന്തൽ തുടങ്ങിയവ നടുവേദന കുറയ്ക്കും.
- ആറ്…
- ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ഇത് നടുവിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- ഏഴ്…
- രാത്രി നന്നായി ഉറങ്ങുക. മുതിർന്നവർക്ക് സാധാരണയായി രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. ആരോഗ്യകരമായ ഉറക്കത്തിന് അതിരാവിലെയുള്ള നടുവേദനയെ തടയാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
- എട്ട്…
- സ്ട്രെസും കുറയ്ക്കുക. അമിതമായി ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ നടുവേദന ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: വിട്ടുമാറാത്ത നടുവേദന കാണുന്നപക്ഷം നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.