തൃശൂർ: വടക്കഞ്ചേരിയിൽ ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം പിടിയിൽ. മഞ്ചേരി സ്വദേശിയായ അജിത്ത്, കർണാടക ഹസൻ സ്വദേശി ശിവരാജൻ എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ ആയത്. നാലുമാസം മുൻപ് വടക്കഞ്ചേരി ചുവട്ടു പാടത്ത് അടച്ചിട്ട വീടിന്റെ പിൻഭാഗത്തെ കതക് തകർത്ത് ഏഴു പവൻ സ്വർണാഭരണങ്ങളും 65,000 രൂപയും പന്നിയങ്കര ടോൾ പ്ലാസക്ക് സമീപമുള്ള വീട്ടിൽ നിന്നും 4500 രൂപയും കവർന്നിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. വയനാട് അമ്പലവയൽ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവർ എന്ന് പോലീസ് പറഞ്ഞു.