തൃശൂർ: ഗോത്രസമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ വനം- വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാടിനെ മറ്റാരെക്കാളും അറിയുന്നവരും അനുഭവസമ്പത്തുള്ളവരുമാണ് വനാശ്രിത ജനവിഭാഗങ്ങള്‍. വനം-വന്യജീവി മേഖലകളില്‍ മനുഷ്യരുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ സമചിത്തതയോടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാർ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം.
മലയോര മേഖലകളിലെ വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങളോടൊപ്പം നിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമത്തിലാണ് വകുപ്പെന്നും മന്ത്രി പറഞ്ഞു.