തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിന്റെ ആവശ്യകത സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതിന് അംഗീകാരം നല്‍കിയേക്കും. ഇന്നു തിരുവനന്തപുരത്തു തിരിച്ചെത്തുന്ന മുഖ്യമന്ത്രി, ഗവര്‍ണറുമായി നേരിട്ടോ ഫോണിലോ സംസാരിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അനിശ്ചിതത്വം അവസാനിക്കൂ. ഓര്‍ഡിനന്‍സ് സംബന്ധിച്ച ഫയല്‍ ഇപ്പോഴും രാജ്ഭവനില്‍ത്തന്നെയാണ്. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ചിരുന്ന നിയമവിദഗ്ധന്‍ നാളെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഓര്‍ഡിനന്‍സിന്റെ നിയമവശങ്ങളും മറ്റും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നു പ്രതീക്ഷിക്കുന്നു.
മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തയ്ക്ക് ഇല്ലാത്ത അധികാരങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന കാര്യം ഗവര്‍ണര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ട്. അതു ഭരണഘടനാവിരുദ്ധമാണെന്ന സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അദ്ദേഹം ഓര്‍ഡിനന്‍സിന് അനുമതി നല്‍കൂ. അതിനുള്ള കഴിവ് സര്‍ക്കാര്‍ കാണിക്കുമോ എന്നാണ് അറിയേണ്ടത്. ഇത്തരമൊരു ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വാദമുഖങ്ങളും ഗവര്‍ണര്‍ക്കു മുന്നിലുണ്ട്. അത് അവര്‍ അദ്ദേഹത്തെ നേരില്‍ക്കണ്ടു വിശദീകരിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കേണ്ടതിനാല്‍ അതിനുമുന്‍പ് ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. അല്ലെങ്കില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം വൈകും.