കോഴിക്കോട്> രാഷ്ട്രീയ ബന്ധം കൊണ്ടാണ് എൻ കെ പ്രേമചന്ദ്രൻ എം പി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിൽ സിപിഐ എമ്മിനോടുളള ശത്രുത കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ച ക്രിസ്തുമസ് വിരുന്നിന് കോൺഗ്രസ് പങ്കെടുക്കാതിരുന്നതെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആതിഥ്യമര്യാദ കൊണ്ടാണ് പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിന് പോയത്. എളമരം കരീം ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ആരും വിവാദം കണ്ടില്ല. അതുപോലെ ഇതും കണ്ടാൽ മതിയെന്നും സുധാകരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചാൽ പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അടുത്ത ജന്മത്തിൽ പട്ടിയാവുന്നതിന് ഇപ്പോഴെ കുറയ്ക്കണോ എന്നും സുധാകരൻ ചോദിച്ചു.