കോട്ടയം > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ മത്സരിക്കും. കേരള കോൺഗ്രസ് എമ്മിന് അനുവദിച്ച മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞു. സംസ്ഥാനത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതും കേരളാ കോണ്‍ഗ്രസാണ് – ജോസ് കെ മാണി പറഞ്ഞു.എൽഡിഎഫ് യോഗത്തിനുശേഷം കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിനായിരിക്കുമെന്ന് കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് ചാഴിക്കാടൻ വിജയിച്ചത്. കോട്ടയം ജില്ലയിലെ പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, എറണാകുളം ജില്ലയിലെ പിറവം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം ലോക്‌സഭാ മണ്ഡലം. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫും, രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫ് എംഎൽഎയുമാണുള്ളത്.