തിരുവനന്തപുരം: വനിതാ മുന്നേറ്റത്തിന് തിരുവിതാംകൂര്‍ രാജവംശം വഹിച്ച പങ്കിനെ എന്നും ആദരവോടെ നാട് ഓര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പദ്മയും ഭാരതരത്നയും അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തണം എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മോദിക്ക് കീഴിൽ പദ്മ പുരസ്കാരങ്ങളുടെ വിശ്വാസ്യതയും സ്വീകാര്യതയും വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പദ്മശ്രീ ലഭിച്ച അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിബായിക്കും ഷെവലിയർ പൂയം തിരുനാൾ ഗൗരിബായിക്കും ചട്ടമ്പി സ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഷ്ടക്കാര്‍ക്ക് വീതംവെക്കുന്ന രീതി മാറിയ പദ്മ, ഇപ്പോൾ ജനങ്ങളുടെ അവാർഡായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ മഹത്തായ പാരമ്പര്യങ്ങളും സംസ്കാരവും സ്വാതന്ത്ര്യാനന്തരം വേണ്ടത്ര മാനിക്കപ്പെട്ടില്ല. നാടിന് തണലും കരുതലുമായ മഹദ് വ്യക്തിത്വങ്ങളെ പിന്നീട് ഭരിച്ചവർ മറന്നു. അതിൽ നിന്ന് മാറി ചിന്തിക്കുകയാണ്
നരേന്ദ്രമോദി സർക്കാർ ചെയ്യുന്നത്. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുമായി അടുത്ത് ഇടപഴകി അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രയത്നിച്ചവര്‍ക്കാണ് ഇപ്പോള്‍ സിവിലിയന്‍ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യശേഖരം ആധുനിക ലോകത്തെ അദ്ഭുതപ്പെടുത്തിയെങ്കില്‍, ഇക്കാലമത്രയും അതില്‍ നിന്ന് അണാപ്പൈസ തൊടാതെ സ്വത്തിന് കാവലായ കൊട്ടാരം അതിലേറെ അദ്ഭുതമാണ്’ -മുരളീധരൻ പറഞ്ഞു.