തിരുവനന്തപുരം : ഡിസിസി ഭാരവാഹികളുടെ സാധ്യതാപട്ടിക കൈമാറണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം ഭൂരിപക്ഷം ജില്ലകളും പാലിച്ചില്ല.ഇതേ തുടര്‍ന്ന് പട്ടിക നല്‍കാന്‍ ഒരു ദിവസം കൂടി അനുവദിച്ചു. പല ജില്ലകളിലും തര്‍ക്കം തുടരുന്നതാണ് കാരണം. പ്രശ്‌നം സംസ്ഥാനതലതത്തില്‍ പരിഹരിക്കാമെന്നാണ് കെപിസിസി വെച്ച നിര്‍ദ്ദേശം. ജില്ലകളില്‍ 25 ഭാരവാഹികളും 26 എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടികയാണ് കെപിസിസി ചോദിച്ചത്. ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടെത്തണം. 125ലധികം പേരുണ്ടായിരുന്ന നിലവിലെ പട്ടികയാണ് ഇങ്ങനെ കുറക്കേണ്ടത്. ഇതിനായി താല്‍പര്യമുള്ളവരുടെ അപേക്ഷ ഉള്‍പ്പടെ സ്വീകരിച്ചു. 51 ഭാരവാഹികള്‍ക്കായി വന്ന അപേക്ഷകളില്‍ നിന്ന് നേതാക്കളുമായി ചര്‍ച്ച ചെയ്ത് പട്ടിക ചെറുതാക്കാന്‍ ശ്രമിക്കുകയാണ്.
ചില ജില്ലകളില്‍ പ്രമുഖനേതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടല്ല. ഭൂരിപക്ഷം ജില്ലകളിലും ഏകീകൃതപട്ടിക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപരുത്ത് വി എസ് ശിവകുമാര്‍ തമ്പാനൂര്‍ രവി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞില്ല. ചുമതലയുള്ള ജനറല്‍സെക്രട്ടറി തന്നെ സാധ്യാതപട്ടിക തയ്യാറാക്കട്ടെയെന്നാണ് കെസി വേണുഗോപാലിനൊപ്പമുള്ളവരുടെ നിര്‍ദ്ദേശം. കൊല്ലത്തും പത്തനംതിട്ടയിലും 25 ഭാരവാഹികള്‍ക്കായി അന്‍പതിലധികം പേരാണ് അപേക്ഷകര്‍. ആലപ്പുഴയില്‍ പുതിയ ജനറല്‍സെക്രട്ടറി മരിയാപുരം ശ്രീകുമാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കോട്ടയത്തും ഇടുക്കിയിലും തൃശൂരും എറണാകുളത്തും നൂറിലധികം അപേക്ഷകരില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.
വയാനാട് മലപ്പുറം കണ്ണൂര്‍ കാസര്‍കോട് പാലക്കാട് ജില്ലകളില്‍ സാധ്യതാപട്ടിക പൂര്‍ത്തിയായി. എന്നാല്‍ തര്‍ക്കം തീര്‍ന്നില്ലെങ്കിലും എണ്ണം നോക്കാതെ സാധ്യാതപട്ടിക തരാനാണ് കെപിസിസി നിര്‍ദ്ദേശം. പട്ടികയിന്മേല്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്യാമെന്നാണ് നിര്‍ദ്ദേശം. പ്രശ്‌നം തീര്‍ത്ത് അടുത്തയാഴ്ച പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. തിങ്കളാഴ്ച കെപിസിസി അധ്യക്ഷന്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.