തിരുവനന്തപുരം : അമേരിക്കയിലെ ചികിത്സക്കും ദുബായ് സന്ദര്‍ശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ജനുവരി 15ന് അമേരിക്കയ്ക്ക് പോയ മുഖ്യമന്ത്രി, ഇന്ന് പുലര്‍ച്ചെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറും സ്വപ്ന സുരേഷും തുറന്നുവിട്ട പുതിയ വിവാദങ്ങള്‍ക്ക് ഇടയിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങുന്നത്. സര്‍ക്കാരിനെ ബാധിക്കുന്ന പുതിയ ആരോപണങ്ങളിലും ലോകായുക്ത വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സര്‍വീസിലിരുന്ന് പുസ്തകം എഴുതിയതില്‍ ശിവശങ്കറിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതിയും തീരുമാനിക്കും.
അതേസമയം എം.ശിവശങ്കറിന്റെ പുസ്തക രചനയോടെ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. കേസുതുടരുന്നതിനിടെ, സര്‍ക്കാരിന്റെ അനുവാദമില്ലാതെ, എം.ശിവശങ്കര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വ്യക്തിപരമായ നിലയിലുള്ള വെളിപ്പെടത്തലുകളെന്നു പറഞ്ഞു സ്വപ്ന സുരേഷിന്റെ പ്രസ്താവനകളെ കാണാനാവില്ലെന്നാണ് വിലയിരുത്തല്‍.