തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം 17-ന് വൈകിട്ട് ആറിന് ചലച്ചിത്രതാരം അനുശ്രീ നിർവഹിക്കും. രാവിലെ 8 ന് കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. അംബ, അംബിക, അംബാലിക വേദികളിലാണ് കലാപരിപാടികൾ നടക്കുന്നത്. സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്‌കാരം സമർപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 25 നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. കുത്തിയോട്ട നേർച്ചയ്‌ക്കായി 606 ബാലന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലി നടക്കും. പത്തു വയസ്സിന് താഴെയുള്ള ബാലികമാരാണ് താലപ്പൊലിയിൽ പങ്കെടുക്കുന്നത്.