തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനാണ് മാസപ്പടിയിലെ യഥാർഥ കുറ്റവാളിയെന്ന് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്താമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് സ്പീക്കർ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തത്. സ്പീക്കർ മുഖ്യമന്ത്രിക്ക് കവചം തീർക്കുകയാണ്. നിലവിട്ടാണ് സ്പീക്കർ പെരുമാറിയത്. സ്പീക്കർ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു. “2016 ഡിസംബർ മുതൽ വീണയ്ക്ക് മാസപ്പടി വന്നുതുടങ്ങി. കരിമണൽ ഖനനത്തിന് പാട്ടക്കരാർ ലഭിക്കുന്നതിനായിരുന്നു ഇത്. 2018-ൽ വ്യവസായ നയം ഭേദഗതി ചെയ്തു. ഇത് സി.എം.ആർ.എല്ലിന് കരാർ അനുവദിച്ചുകൊടുക്കാൻ വേണ്ടിയുള്ള ഭേദഗതിയായിരുന്നു. ഭേദഗതിയുടെ ഇംഗ്ലീഷ്, മലയാളം രൂപങ്ങളിൽ വൈരുധ്യമുണ്ട്” സി.എം.ആർ.എൽ മാസപ്പടി നൽകിയത് കരിമണൽ ഖനനത്തിനാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
2019-ൽ കേന്ദ്രം വിവിധ തരത്തിലുള്ള ഖനനങ്ങൾ റദ്ദാക്കി. തുടർന്ന് സി.എം.ആർ.എൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഈ നിവേദനം മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു. തുടർന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഇതിൽ ഇടപെട്ടത്. മറ്റൊരു വകുപ്പിന്റെ ഫയൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി. ഇതോടെ ഇതിൽ അവസാന തീരുമാനമെടുക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കായെന്നും കുഴൽനാടൻ പറഞ്ഞു.