ന്യൂഡൽഹി: ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന കർഷകരുടെ പ്രതിഷേധം പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ശക്തമാകവെ അധികാരത്തിലെത്തിയാൽ സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് നൽകി രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഉറപ്പ്. ‘കർഷക സഹോദരങ്ങളെ, ഇന്ന് ഒരു ചരിത്ര ദിനമാണ്! സ്വാമിനാഥൻ കമ്മീഷൻ പ്രകാരം എല്ലാ കർഷകർക്കും വിളകൾക്ക് നിയമപരമായ എം എസ് പി ഗ്യാരണ്ടി നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഈ നടപടി 15 കോടി കർഷക കുടുംബങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കി അവരുടെ ജീവിതത്തെ മാറ്റിമറിക്കും. നീതിയുടെ പാതയിൽ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പാണിത്’; രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.