തിരുവനന്തപുരം : മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം. സ്വകാര്യ മേഖലയില്‍ ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ (എന്‍ടിഇപി) മികച്ച രീതിയില്‍ ഏകോപിപ്പിച്ച് നിക്ഷയ് പോര്‍ട്ടല്‍ മുഖേന കൂടുതല്‍ രോഗ ബാധിതരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം. 2019ല്‍ സ്വകാര്യ മേഖലയില്‍നിന്ന് 4615 ക്ഷയരോഗ ബാധിതരെ നിക്ഷയ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ അത് 6542 ആയി ഉയര്‍ന്നു.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കി 2025ഓടെ കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 330 സ്റ്റെപ്സ് സെന്ററുകള്‍ (സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍) പ്രവര്‍ത്തിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നല്‍കുന്ന കേന്ദ്രങ്ങളാണ് സ്റ്റെപ്സ് സെന്റര്‍. ഇവിടെ ചികിത്സയ്ക്ക് എത്തുന്ന ക്ഷയരോഗ ബാധിതര്‍ക്ക് രോഗ നിര്‍ണയവും ചികിത്സയും ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിന് രാജ്യത്തിന് മാതൃകയായി കൊണ്ടുവന്ന സംസ്ഥാന പദ്ധതിയാണിത്.