ന്യൂഡൽഹി: ബിൽകീസ് ബാനു കേസിലെ 11 പ്രതികളെയും തിരികെ ജയിലിലെത്തിച്ച സുപ്രീംകോടതി വിധിക്കെതിരെ ഗുജറാത്ത് സർക്കാരിന്റെ ഹരജി. വിധി പുറപ്പെടുവിക്കവെ സർക്കാരിനെതിരെ നടത്തിയ പരാമർശം നീക്കണമെന്നും ഗുജറാത്ത് സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടു. വിധിന്യായത്തിലെ പരാമർശങ്ങൾ അനാവശ്യവും കേസിന്റെ രേഖകൾക്ക് വിരുദ്ധവും സർക്കാരിനെതിരെ മുൻവിധിയുണ്ടാക്കുന്നതുമാണെന്നും ഹരജിയിലുണ്ട്.
ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനു ഉൾപ്പെടെ എട്ടു സ്ത്രീകളെ കൂട്ട ബലാത്സംഗംത്തിനിരയാക്കുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ വിധിയാണ് ജനുവരി എട്ടിന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി റദ്ദാക്കിയത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചും പ്രതികളുമായി ഒത്തുകളിച്ചുമാണ് 2022ലെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ പ്രതികളെ മോചിപ്പിച്ചതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിലയിരുത്തിയിരുന്നു. കുറ്റവാളികൾ രണ്ടാഴ്ചക്കകം ജയിലിൽ എത്തണമെന്നും കോടതി ഉത്തരവിടുകയുണ്ടായി.
പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽകീസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ മീരാൻ ഛദ്ദ ബൊർവങ്കർ, അസ്മ ഷഫീഖ് ശൈഖ് എന്നിവർ നൽകിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. 2002ൽ കൂട്ടബലാത്സംഗത്തിന് വിധേയയാകുമ്പോൾ ബിൽകീസ് ബാനുവിന് 21 വയസായിരുന്നു പ്രായം. അന്നവർ ഗർഭിണിയുമായിരുന്നു. ബിൽകീസ് ബാനുവിന്റെ മൂന്നുവയസുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരാണ് ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടത്.