കന്‍സാസ് സിറ്റി: അമേരിക്കയില്‍ കൻസാസ് സിറ്റിയിൽ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 21 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരിൽ ഏറെയും കുട്ടികസാണ്. സോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്‌സിന്റെ വിജയാഹ്ളാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
12 പേരെ കന്‍സാസ് സിറ്റിയിലെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ 11 പേരും കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. ഒൻപത് പേർക്ക് വെടിയേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 17 വയസിൽ താഴളെയുള്ളവരാണ് പരിക്കേറ്റ കുട്ടികളെല്ലാവരും. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്‍റ് മേധാവി റോസ് ഗ്രണ്ടിസൺ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വെടിയേറ്റ എട്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. ആറ് പേർക്ക് സാരമായ പരിക്കുകളാണുള്ളതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.