അരീക്കോട്: ബിജെപിയുടെയും സിപിഎമ്മിന്റെയും വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. കോൺഗ്രസ് സമരാഗ്നി യാത്ര മലപ്പുറം അരീക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 20 സീറ്റും ജയിക്കണം. ഫീൽഡിൽ നന്നായി പണി എടുത്താൽ കോൺഗ്രസ് തന്നെ വിജയിക്കും. ഒരുമിച്ച് പ്രവർത്തിച്ചാൽ 20 സീറ്റിലും കേരളത്തിൽ യുഡിഎഫിന് വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ ജനങ്ങൾ സ്നേഹിക്കുന്നുണ്ട്. രാഹുൽ ഗാന്ധി കഠിനമായി പ്രയത്നിക്കുന്നുണ്ട്. പാര്‍ട്ടിയിൽ പലരും വന്ന് പോകും. എന്നാൽ പാർട്ടി ഇവിടെ തന്നെ ഉണ്ടാകും. പാർട്ടിയാണ് വലുത്. മുസ്ലിം ലീഗും നമ്മളുടെ കൂടെ ഉണ്ട്. ഞാൻ എന്റെ ആദ്യത്തെ വലിയ മാച്ച് കളിച്ചത് തിരുവനന്തപുരത്ത് ആണ്. എനിക്ക് ഇപ്പോൾ ബാറ്റ് ചെയ്യാനേ അറിയൂ. ഫീൽഡ് ചെയ്യാൻ സാധിക്കില്ല. കേരളത്തിലെ സര്‍ക്കാര്‍ ജനകീയ സര്‍ക്കാരല്ല. കേരളത്തിന്റെ രാഷ്ട്രീയ പൈതൃകത്തിനു കളങ്കമുണ്ടാക്കിയ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. കുടുംബത്തിന് വേണ്ടിയാണു പിണറായി വിജയൻ ഭരിക്കുന്നത്.
പത്തു ലക്ഷം രൂപയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആളുടെ കുടുംബത്തിന് കൊടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ മകനാണ് മരിച്ചതെങ്കിൽ 10 ലക്ഷം ഉലുവ വാങ്ങാൻ പിണറായി ചെന്ന് നിൽക്കുമോ? കഴിവ് കെട്ടവരാണ് വനം വകുപ്പിലുള്ളത്. വനം മന്ത്രിക്ക് മനുഷ്യത്വമില്ല. കാട്ടാന ആക്രമണത്തിലെ ഇരകളെ വനം മന്ത്രിയും മുഖ്യമന്ത്രിയും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.