തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമീഷണര്‍ എസ്. ശ്രീജിത്തിനെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ശകാരിച്ചതോടെ മോട്ടോർ വാഹനവകുപ്പിൽ അതൃപ്തിയും അമർഷവും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡിയുമായ ബിജു പ്രഭാകറുമായുള്ള അഭിപ്രായവ്യത്യാസത്തിനു പിന്നാലെയാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത കമീഷണറുമായും തര്‍ക്കത്തിലാകുന്നത്.
ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം. ഏപ്രിലിൽ സെന്ററുകള്‍ തുടങ്ങണമെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വിശദീകരിക്കാന്‍ കമീഷണര്‍ ശ്രമിച്ചെങ്കിലും മന്ത്രി അനുവദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്‌കൂള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്തത്തോടെയോ തുടങ്ങാമെന്നാണ് വ്യവസ്ഥ.