കോഴിക്കോട്: അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്ന സാഹചര്യത്തില്‍ അമിത ഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ തീരുമാനം. ജില്ലയിലെ ക്വാറികള്‍, ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ചരക്ക് ഉള്‍പ്പെടെയുള്ളവ കയറ്റുന്ന ലോറികളും ഇരുമ്പ്, സിമന്റ്, മാര്‍ബിള്‍ തുടങ്ങിയ ചരക്കുകള്‍ കയറ്റുന്ന ലോറികളും അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റി വരുന്നത് പതിവായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കുന്നുണ്ട്. ഇത് കൂടുതല്‍ കര്‍ശനമാക്കും.
ചുരത്തില്‍ ഉള്‍പ്പടെ അമിതഭാരം കയറ്റിയ ലോറികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കണമെന്നും ലോറികളിലെ അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റുന്നത് സംബന്ധിച്ച് വേ ബ്രിഡ്ജ് ഉള്‍പ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്തുവാന്‍ ജിയോളജി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. റോഡ് അപകടങ്ങള്‍ തടയുന്നതിനും അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനുമായി ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു.