മലപ്പുറം: പാരമ്പര്യ വൈദ്യനായ മൈസുരൂ സ്വദേശി ഷാബ ഷരീഫ് വധക്കേസിന്‍റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കേസില്‍ മാപ്പു സാക്ഷിയായ ഏഴാം പ്രതി തങ്ങളകത്ത് നൗഷാദിന്‍റ കുറ്റസമ്മത മൊഴി കോടതി രേഖപ്പെടുത്തി. മൃതദേഹാവശിഷ്ടം ലഭിക്കാതെ വിചാരണയിലേക്ക് കടക്കുന്ന അപൂര്‍വ്വം കേസുകളുടെ പട്ടികയിലാണ് ഷാബാഷരീഫ് വധക്കേസ്.
കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദിനെ നേരത്തെ കോടതി മാപ്പു സാക്ഷിയാക്കിയിരുന്നു. ഇയാളുടെ കുറ്റ സമ്മത മൊഴിയാണ് ഇന്ന് കോടതി രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്റഫിന്‍റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കപ്പെട്ട ഷാബാ ഷരീഫിന് നൗഷാദാണ് കാവലിരുന്നത്. ഇയാള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തിയിരുന്നില്ല. ഷാബാ ഷരീഫിന്‍റെ മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കാനും പുഴയില്‍ തള്ളാനും ഷൈബിന്‍ അഷ്റഫിനെ സഹായിച്ചെന്ന കുറ്റമാണ് നൗഷാദിന് മേല്‍ ചുമത്തിയിരുന്നത്. നൗഷാദിന്‍റെ വെളിപ്പെടുത്തലിലൂടെയാണ് ഷാബാ ഷരീഫ് കൊല്ലപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്.
2019 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മൈസൂരു സ്വദേശിയായ ഷാബാ ഷരീഫിനെ ഒറ്റമൂലി രഹസ്യം അറിയാനായി ഷൈബിന് അഷ്റഫും സംഘവും തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു വര്‍ഷത്തോളം മലപ്പുറം മുക്കട്ടയിലെ വീട്ടില്‍ ഇയാളെ താമസിപ്പിച്ചെങ്കിലും ഒറ്റമൂലിയുടെ രഹസ്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ഷാബാ ഷരീഫിനെ 2020 ഓക്ടോബറില്‍ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മെയ് പത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പതിനഞ്ച് പ്രതികളാണ് കേസിലുള്ളത്.