കൽപറ്റ: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ മകളുടെ ഗതി തനിക്കും വന്നുവെന്ന് പോളിന്‍റെ മകൾ. കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിതാവിന്‍റെ ചികിത്സ വൈകിപ്പിച്ചെന്നും മകൾ ആരോപിച്ചു.
മാനന്തവാടിയിൽ നിന്ന് ആവശ്യമായ ചികിത്സ കിട്ടിയില്ല. തുടർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാനും വൈകി. അച്ഛന്‍റെ ചികിത്സയുടെ കാര്യ അമ്മയെയും തന്നെയും അറിയിച്ചില്ലെന്നും അവർ പറഞ്ഞു.ഒരു മന്ത്രിക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ ഇന്ത്യയിൽ ലഭ്യമല്ലാത്ത ചികിത്സ എത്തിക്കുമായിരുന്നല്ലോ. ആന ചവിട്ടിയിട്ടും തന്‍റെ പിതാവ് മണിക്കൂറുകൾ ജീവിച്ചിരുന്നു. ശരിയായ സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നില്ല. ഇത് അനാസ്ഥയാണ്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യമില്ലായിരുന്നെങ്കിൽ എന്തിന് അവിടെ വൈകിപ്പിച്ചെന്നും മകൾ ചോദിച്ചു.
ആനയെ രക്ഷപ്പെടുത്താൻ വലിയ കഴിവാണ്. എന്നാൽ, ഒരു മനുഷ്യനെ രക്ഷപ്പെടുത്താനുള്ള കഴിവ് ആർക്കുമില്ലേ?. തന്‍റെ പിതാവിന് വന്ന പോലെ ഗതി മറ്റൊരാൾക്കും വരരുതെന്ന് പറഞ്ഞ് ഒരു കുട്ടി കരഞ്ഞിരുന്നു. ഒരാഴ്ച തികയും മുമ്പാണ് തനിക്ക് ഈ ഗതി വന്നതെന്നും പോളിന്‍റെ മകൾ മാധ്യമങ്ങളോട് പറഞ്ഞു.