പാലക്കാട്: അടച്ചുപൂട്ടിയ ഫാക്ടറിയിലെ പഴയ യന്ത്രഭാഗങ്ങൾ നൽകാമെന്നു പറഞ്ഞ് മൂന്നര കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ ആർ.എസ്.എസ് മുൻ നേതാവിനെയും ഭാര്യയെയും ബംഗളൂരുവിലും എറണാകുളത്തും പട്ടാമ്പിയിലെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് കെ.സി. കണ്ണൻ (60), ഭാര്യ ജീജാ ബായ് എന്നിവരെ പാലക്കാട് ജില്ല ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തത്.എറണാകുളത്തുനിന്ന് വഞ്ചനക്ക് ആധാരമായ കരാർ പൊലീസ് കണ്ടെടുത്തു. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ പ്രതികളെ തിരികെ നൽകി.
2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. 30 വർഷം മുമ്പ് ബംഗളൂരുവിൽ അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറി വാങ്ങിയെന്നും അതിലെ യന്ത്രഭാഗങ്ങൾ ആക്രിയായി നൽകാമെന്നും പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയുമായി പട്ടാമ്പിയിൽ വെച്ച് കരാർ ഉണ്ടാക്കുകയായിരുന്നു.ഓരോ യന്ത്രഭാഗത്തിനും വില നിശ്ചയിക്കുകയും മൂന്നര കോടി രൂപ മുൻകൂറായി കണ്ണനും ഭാര്യയും വാങ്ങുകയും ചെയ്തെന്നാണ് പരാതി. ആറു മാസത്തിനു ശേഷവും പറഞ്ഞ സാമഗ്രികൾ കിട്ടാതായതോടെ 2023 സെപ്റ്റംബർ 30ന് പട്ടാമ്പി പൊലീസിൽ മധുസൂദന റെഡ്ഡി പരാതി നൽകി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കണ്ണനെയും ജീജാബായിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.