ദില്ലി : യു.പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ജനുവരി 31ന് നടന്ന പൊതുയോഗത്തില്‍ ആക്ഷേപകരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ അജയ് റായിക്കെതിരെ വാരണാസി പോലീസ് ശനിയാഴ്ച കേസെടുത്തത്. അനുയായികള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് നേരത്തെ ആര്‍.എല്‍.ഡി- എസ്.പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ഡോ നീരജ് ചൗധരിയ്ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. പോലീസുകാരന്‍ തന്നെയാണ് രണ്ട് കേസുകളിലും പരാതിക്കാരന്‍. രണ്ട് കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റായിയുടെ അറസ്റ്റ് രേഖപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് റായിക്കെതിരെ പോലീസ് നടപടിയെടുത്തത്. ജനുവരി 31ന് റായിയുടെ നേതൃത്വത്തില്‍ പിന്ദ്രയില്‍ പൊതുയോഗം നടത്തിയത് അനുമതി വാങ്ങാതെയാണെന്ന് സബ് ഇന്‍സ്‌പെക്ടര്‍ രാം കൃഷ്ണ യാദവ് പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഉപ്പ് എടുത്ത് തയ്യാറായിക്കോളൂ, മാര്‍ച്ച് 7 ന് ഞങ്ങള്‍ മോദിയെയും യോഗിയെയും സംസ്‌കരിക്കുമെന്ന് തന്റെ പ്രസംഗത്തിനിടെ അദ്ദേഹം ആളുകളോട് പറഞ്ഞുവെന്നാണ് പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച് റായ് രംഗത്തെത്തി. ന്യായവില കടകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഉപ്പ് ഗുണനിലവാരമുള്ളതല്ലെന്ന് വ്യാപക പരാതിയുണ്ടെന്നും ഇത് കഴിച്ചതിന് ശേഷം ആളുകള്‍ക്ക് രോഗം വരുന്നുണ്ടെന്നുമാണ് താന്‍ പ്രസംഗത്തില്‍ പറയാന്‍ ശ്രമിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ക്രമസമാധാനം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനുമാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇതില്‍ അന്വേഷണം നടത്തി എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ രാം കൃഷ്ണ യാദവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. വിവാദ പരാമര്‍ശം നടത്തിയ യോഗത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയതായും എഫ.ഐ.ആറില്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 124-എ (രാജ്യദ്രോഹം), 153-എ (ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 188 ( യഥാവിധി പുറപ്പെടുവിച്ച ഉത്തരവ് പൊതുപ്രവര്‍ത്തകന്‍ അനുസരിക്കാതിരിക്കല്‍), 269 (ജീവന് അപകടകരമായ രോഗം പകരാന്‍ സാധ്യതയുള്ള അശ്രദ്ധ), 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കുക) എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
റിട്ടേണിംഗ് ഓഫീസര്‍ രൂപീകരിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നടപടിയെടുത്തതെന്നും റായിയുടെ ആക്ഷേപകരമായ പ്രസ്താവനയുടെ വീഡിയോ കൈയിലുണ്ടെന്നും സര്‍ക്കിള്‍ ഓഫീസര്‍ അഭിഷേക് കുമാര്‍ പാണ്ഡെ പറഞ്ഞു. വീഡിയോ വിശദമായി പരിശോധിക്കുന്നതിനായി ഉടന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയയ്ക്കും.