ജറുസലേം: ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വിശുദ്ധ മാസമായ റമദാനിലും ഗസ്സ മുനമ്പിൽ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പ് നൽകി.
അടുത്തമാസം10നോ തൊട്ടടുത്ത ദിവസങ്ങളിലോ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിലും യുദ്ധം തുടരുമെന്ന പ്രസ്താവന ഫലസ്തീൻ ജനതക്ക് കൂടുതൽ ദുരന്തങ്ങൾ വരുത്തിവെക്കുമെന്നാണ് ആശങ്ക. കടുത്ത ശുദ്ധജലക്ഷാമവും ഭക്ഷ്യ ദൗർലഭ്യവും നേരിടുന്ന ഗസ്സയിൽ ജനങ്ങൾ മരണ മുനമ്പിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യത്തിന് ഭക്ഷണവും അവശ്യ വസ്തുക്കളുമില്ലാത്ത ഗസ്സയിലെ ദയനീയ സ്ഥിതി വിശേഷം ഐക്യരാഷ്ട്ര സഭയും വെളിപ്പെടുത്തിയിരുന്നു.
ഇസ്രായേൽ ഈജിപ്തുമായും മറ്റ് രാജ്യങ്ങളുമായും സമ്പർക്കം പുലർത്തുകയും ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരത്തിലേക്ക് ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് റാഫയിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യുമെന്ന് ബെന്നി ഗാന്റസിനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബന്ദികളെ തിരിച്ചയക്കുന്നതുവരെ ഒരു ദിവസം പോലും വെടിനിർത്തൽ ഉണ്ടാകില്ലെന്നും ഇസ്രായേൽ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.