കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തിൽ എം. മുകേഷ് ഇടത് സ്ഥാനാർഥിയാകാൻ സാധ്യത. സി.പി.എം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്‍റെ പേര് മുന്നോട്ടുവെക്കുകയും ജില്ല കമ്മിറ്റി അംഗീകരിക്കുകയും ചെയ്തതായാണ് അറിയുന്നത്. സിനിമാ താരവും കൊല്ലം എം.എൽ.എയുമായ മുകേഷ് മൽസരിക്കുന്നതാണ് പുതിയൊരാൾ സ്ഥാനാർഥിയാകുന്നതിലും നല്ലതെന്നാണ് വിലയിരുത്തൽ. മുൻ എം.പി സി.എസ്. സുജാതയുടെ പേര് അവസാനം വരെ പരിഗണനയിൽ വന്നെങ്കിലും മുകേഷിൽ തന്നെ ചർച്ച എത്തുകയായിരുന്നു.
ഏതാനും ദിവസങ്ങളായി കൊല്ലം നിയമസഭ നിയോജക മണ്ഡലത്തിന് പുറത്ത് ലോക്സഭയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളിലെ പരിപാടികളിൽ മുകേഷ് സജീവമാണ്. യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനും പ്രവർത്തനം തുടങ്ങി. തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നതിനുള്ള വാർ റൂം ഇന്നലെ ഡി.സി.സി ഓഫിസിൽ ആരംഭിച്ചു.
മറ്റ് മണ്ഡലങ്ങളിലും സി.പി.എം സ്ഥാനാർഥി ചർച്ചകൾ സജീവമാക്കിയതായാണ് വിവരം. പത്തനംതിട്ടയിൽ തോമസ് ഐസക്കിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ആലപ്പുഴയിൽ സിറ്റിങ് എം.പി എ.എം ആരിഫ് തന്നെ മത്സരിക്കും. ഇടുക്കി: ജോയ്സ് ജോർജ്, പാലക്കാട്: എം.സ്വരാജ്, കോഴിക്കോട്: എളമരം കരീം, വടകര: എ.പ്രദീപ് കുമാർ, കണ്ണൂർ: കെ.കെ.ശൈലജ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. 21ന് സംസ്ഥാന കമ്മിറ്റി യോഗത്തിലാകും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. പൊളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ 27ന് പട്ടിക പ്രഖ്യാപിക്കും.