തലശ്ശേരി: വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വനംവകുപ്പിനെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
കര്‍ഷകവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബിഷപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാന്‍ സംസ്ഥാനത്തിന് ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുഭാവ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ആറളം ഫാമില്‍ 12ഓളം ആദിവാസികളുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ 22 കിലോമീറ്റര്‍ നീളത്തില്‍ അവിടെ ആനമതില്‍ നിര്‍മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറെ ആംബുലന്‍സില്‍ ഇരുത്തിയാണ് കൊണ്ടുപോയത്. എയര്‍ ആംബുലന്‍സോ മറ്റോ സ്വീകരിച്ചില്ല. ചികിത്സ ലഭിക്കാതെയാണ് വാച്ചര്‍ മരിച്ചത്. വന്യജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉത്തരം പറയേണ്ടിവരുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.