തിരുവനന്തപുരം > നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടികളിലെ ആദ്യ സദസ്സായ വിദ്യാർത്ഥികളുമായുള്ള മുഖാമുഖം ഞായറാഴ്‌ച രാവിലെ 9.30ന് കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും.
രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 1.30 വരെയായിരിക്കും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായുള്ള വിദ്യാർത്ഥികളുടെ മുഖാമുഖം. മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ നിന്നുള്ള മന്ത്രിമാര്‍, സര്‍വ്വകലാശാല വൈസ് ചാൻസലർമാർ, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രഗത്ഭര്‍, തുടങ്ങിയവർ പങ്കെടുക്കും.
നവകേരള കാഴ്‌ചപ്പാട് അവതരിപ്പിക്കുന്നതിനും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും സംസ്ഥാന സർക്കാർ ഒരുക്കിയ നവകേരള സദസ്സുകൾ കലാലയ സമൂഹമുൾപ്പെടെ കേരളീയ ജനതയ്‌ക്ക് വലിയ പ്രതീക്ഷകൾ നൽകിയാണ് സമാപിച്ചത്. നവകേരള സദസ്സിൽ ഉയർന്ന അഭിപ്രായങ്ങൾ കൂടി ചേർത്തുകൊണ്ടാണ് ഓരോ വിഭാഗങ്ങളിലെയും പ്രതിനിധികളെയും വിദഗ്ധരെയും ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് 18ന് തുടക്കമാകുന്നത്.
നവകേരള സൃഷ്ടിക്കായുള്ള വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചര്‍ച്ചയാവും. വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയോട് സംവദിക്കാനും ആശയവിനിമയം നടത്താനുമുള്ള സംവിധാനം മുഖാമുഖത്തിൽ ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ സംവദിക്കാൻ അവസരം ലഭിക്കാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാനുള്ള അവസരവും നൽകും.
നവകേരള നിർമ്മിതിയുടെ ഭാഗമായി കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറ്റാനുള്ള കാഴ്ചപ്പാടോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. വൈജ്ഞാനിക സമൂഹത്തിലേക്കുള്ള യാത്രയിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവർക്ക് ഒരുപോലെ ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കാൻ അവസരമൊരുക്കിയാണ് കേരളം മുന്നോട്ടു കൊണ്ടുപോകുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് ആർജിച്ച നേട്ടങ്ങൾക്ക് തുടർച്ചയായി ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് ഇതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തിവരുന്നത്. ഇതേക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനും പുതിയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമാണ് വിദ്യാർത്ഥിപ്രതിഭകളും ഉന്നതവിദ്യാഭ്യാസ രംഗത്തെ സമുന്നതരും ഒരുമിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം.
സാങ്കേതിക സർവ്വകലാശാല, മെഡിക്കൽ കോളേജ്, വെറ്റിനറി കാർഷിക-ഫിഷറീസ്-സർവ്വകലാശാലകൾ, കേരള കലാമണ്ഡലം എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ, പാഠ്യ-പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, വിദ്യാർത്ഥി യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്. ഇവരിൽ പകുതി പേർ വിദ്യാർത്ഥിനികളായിരിക്കും.
മുഖാമുഖത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആദരണീയരായ മന്ത്രിമാരും എംഎൽഎമാരും നേതൃത്വം നൽകുന്ന സംഘാടക സമിതി പൂർത്തീകരിച്ചു കഴിഞ്ഞു. മുഖാമുഖത്തിന് വിദ്യാര്‍ത്ഥിപ്രതിഭകളെ തിരഞ്ഞെടുത്തയക്കുന്ന പ്രക്രിയ ഓരോ കലാലയവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സർവ്വകലാശാലാ തലങ്ങളിലും കോളേജിയറ്റ് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് തലത്തിലും ആണ് ഇതിൻ്റെ ഏകോപനം നടന്നത്. പൂർണ്ണമായും ഭിന്നശേഷിസൗഹൃദമാക്കി സജ്ജമാക്കിയ വേദിയിലാണ് മുഖാമുഖം അരങ്ങേറുക.