കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടിയായ ‘നവകേരള കാഴ്ചപ്പാടുകള്‍’ പരിപാടിക്ക് ഇന്ന് തുടക്കം. ആദ്യ പരിപാടി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചുള്ള വിദ്യാര്‍ത്ഥി സംഗമത്തോടെ ആരംഭിക്കും. സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
”കഴിഞ്ഞ ഏതാനും വര്‍ഷമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നാം കൈവരിക്കുന്ന നേട്ടങ്ങള്‍ വളരെ പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം കേരളത്തിലെ സര്‍വകലാശാലകളിലേക്ക് വലിയ അളവില്‍ വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നു. നാക് അക്രഡിറ്റേഷനില്‍ A++ ഗ്രേഡ് കരസ്ഥമാക്കാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് സാധിച്ചു. ക്യാമ്പസുകളില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പസ് ഇന്റസ്ട്രിയല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ഇതിനൊപ്പം മറ്റെന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കേണ്ടത് എന്ന് പറയേണ്ട ഒരു കൂട്ടര്‍ വിദ്യാര്‍ഥികള്‍ തന്നെയാണ്. അവരുടെ പങ്കാളിത്തത്തോടെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ നിര്‍മ്മിച്ചെടുക്കാനുള്ള കേരളത്തിന്റെ യാത്രയില്‍ ക്യാമ്പസുകളുടെ പരിവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന ചര്‍ച്ച നമുക്ക് സംഘടിപ്പിക്കാം”. ഈ മുഖാമുഖം അതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മന്ത്രി രാജീവ് പറഞ്ഞു.