തിരുവനന്തപുരം: ഇ- ഗ്രാന്റ് സ്കോളർഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശ്ശിക 548 കോടി രൂപയെന്ന് കണക്കുകൾ. പട്ടികജാതി വിദ്യാർഥികൾക്ക് 122.16 കോടിയും പട്ടികവർഗ വിഭാഗത്തിന് 16.53 കോടിയും പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് 410.19 കോടി രൂപയും നൽകാനുണ്ട്.
പട്ടികജാതി വിദ്യാർഥികളുടെ ലംപ് സം ഗ്രാൻറ് 6.26 കോടി, ഫീസ്/ഹോസ്റ്റൽ ഫീസ്-23.15 കോടി, ഫെലോഷിപ്പ് -2.40 കോടി, സംസ്ഥാന അക്കാദമിക് അലവൻസ്- 5.43 കോടി എന്നിങ്ങനെ ആകെ 122.16 കോടി കുടിശ്ശികയുണ്ട്. പട്ടികവർഗ വിഭാഗത്തിന്റെ ഫീസ്/ഹോസ്റ്റൽ ഫീസ്-15.24 കോടി, മറ്റുള്ളവ – 1.29 കോടിയുമാണ്.
2022-23, 2023-24 അധ്യയന വർഷങ്ങളിലെ അപ്രൂവൽ ലഭിച്ച ഇ-ഗ്രാന്റ്റ്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ 2023-24 വർഷത്തെ പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പിന്റെ ബജറ്റ് ശീർഷകങ്ങളിൽ ലഭ്യമായ തുക പൂർണമായും വിനിയോഗിച്ച് വിതരണം ചെയ്തു. സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾ പിന്നീട് അപേക്ഷ സമർപ്പിക്കുന്നത് മൂലം ബജറ്റ് ശീർഷകങ്ങളെക്കാൾ കൂടുതൽ തുക ആവശ്യമായി വരുന്ന സാഹചര്യമുണ്ടായി. തുക പൂർണമായും വിനിയോഗിച്ചു കഴിഞ്ഞതിനു ശേഷം അപ്രൂവലായി വന്ന വർഷത്തെ ഇ- ഗ്രാൻറ്സ് സ്കോളർഷിപ്പ് ക്ലെയിമുകളുടെ തുക വിതരണം ചെയ്യുവാനുണ്ട്.
കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം വരെയുള്ള പോസ്റ്റ് മെട്രിക് പട്ടികജാതി വിദ്യാർഥികളുടെ ഫീസ്, കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവൻസ് എന്നീ ഇനങ്ങളിലെ ആകെ തുകയുടെ 40 ശതമാനം സംസ്ഥാന സർക്കാരും 60 ശതാമനവം കേന്ദ്ര സർക്കാരും നൽകുന്നു.
പട്ടികവർഗ വിദ്യാർഥികൾക്ക് 25 ശതമാനം സംസ്ഥാന സർക്കാരും 75 ശതമാനം കേന്ദ്ര സർക്കാരും വഹിക്കുന്നു. ശേഷിക്കുന്ന എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ ഉയർന്ന നിരക്കിലാണ് സംസ്ഥാന സർക്കാർ എല്ലാ വിഭാഗത്തിലുള്ള വിദ്യാർഥികൾക്കും അലവൻസുകൾ നൽകുന്നത്.
2.5 ലക്ഷം വരുമാന പരിധി വരെയുള്ളവർക്ക് മാത്രമെ സ്കോളർഷിപ്പിന്റെ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ. എന്നാൽ വരുമാന പരിധി ബാധകമാക്കാതെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ തുക പൂർണമായും അനുവദിച്ചു. സ്കോളർഷിപ്പ് വിതരണം മുടങ്ങിയതു മൂലം പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾ പഠനം അവസാനിപ്പിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷണൻ നിയമസഭയിൽ രേഖാമൂലം കെ.കെ രമയെയും ഐ.സി ബാലകൃഷ്ണനെയും അറിയിച്ചു.