തൊടുപുഴ > ഇടുക്കിയിലെ കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മലയിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് സംവിധാനങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത മലമുകളിലാണ് തീ പടർന്ന് പിടിച്ചത്. ശനിയാഴ്ച രാവിലെ പത്ത് മണിയോട് കൂടിയാണ് ആദ്യം തീ പടരുന്നത് കണ്ടത്. ഇല്ലിചാരി മലയുടെ രണ്ട് വശങ്ങളിലായി ഏകദേശം 100 ഏക്കറോളം സ്ഥലത്തെ റബ്ബർ അടക്കമുള്ള കൃഷി പൂർണ്ണമായും കത്തിനശിച്ചതായും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായും പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസവും മലയിൽ തീപിടിച്ചിരുന്നു. പുലരുവോളം നാട്ടുകാർ നടത്തിയ പരിശ്രമത്തിലൂടെ തീ അണച്ചിരുന്നു. എന്നാൽ ചൂട് കനത്തതോടെ തീ പടരുകയായിരിന്നു. ഉച്ചയോട് കൂടി നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കനത്ത ചൂടും വീശിയടിക്കുന്ന കാറ്റും ഉള്ളതിനാൽ തീ ഇനിയും ആളിപ്പടരാൻ സാദ്ധ്യതയുണ്ട്.