മഹാരാഷ്ട്ര : മഹാരാഷ്ട്ര സര്‍ക്കാര്‍ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വൈന്‍ വില്‍പന അനുവദിക്കാന്‍ തീരുമാനിച്ചതിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്ത്. ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനം ശരിയല്ലെന്നും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് ആദ്യകത്ത് ഫെബ്രുവരി മൂന്നിനാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ചതെന്നും എന്നാല്‍ അതിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുന്നറിയിപ്പ് നല്‍കി കൊണ്ട് ഒരു കത്ത് ഞാന്‍ അയച്ചിരുന്നു. എന്നാല്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വൈന്‍ വില്‍പന അനുവദിച്ചുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരവും ഭാവിതലമുറയ്ക്ക് അപകടകരവുമാണ്. സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് പോകാനാണ് എന്റെ തീരുമാനം. അത് ഞാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.
വൈന്‍ വില്‍പ്പന അനുവദിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന അണ്ണാ ഹസാരെയുടെ അഭിപ്രായ പ്രകടനം സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിയുടെയും മറ്റ് രണ്ട് സംഘടനകളുടെയും വിമര്‍ശനങ്ങള്‍ വകവയ്ക്കാതെയാണ് മഹാരാഷ്ട്രയിലുടനീളമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍ക്കാന്‍ അനുവദിക്കുന്ന നയം നടപ്പിലാക്കാന്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ തീരുമാനിച്ചത്.
കടയുടെ പരിസരം, ദൂരപരിധി എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വിവിധ വ്യവസ്ഥകള്‍ അപേക്ഷകന്‍ പാലിച്ചതിന് ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്ന് എക്‌സൈസ് കുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.